തലസ്ഥാനനഗരിയിലെ വാസത്തിന് ഒരു ഇടവേള എന്നോണം ഞാൻ വീട്ടിലേക്ക് പോകെയാണ്. തിരുവനന്തപുരം-മുവാറ്റുപുഴ യാത്രക്കു KSRTC ആണ് സ്ഥിരമായി ആശ്രയിക്കുന്നത് എന്നാൽ ഒരു പരീക്ഷണാർത്ഥം ട്രെയിനിൽ പോകാം എന്നു തീരുമാനിച്ചു. ഒപ്പം അജ്സൽ, ഇന്നായത്, അശ്വിൻ പിന്നെ ലെൻ എന്നിവരും ഉണ്ട്. മൂന്ന് മണിക്ക് ഉള്ള ട്രെയിൻ പിടിക്കാൻ ഉള്ള ധൃതിയിൽ ഞങ്ങളും , രണ്ടര ആയിട്ടും സ്റ്റേഷനിൽ എത്തിക്കാതെ ഞങ്ങളെ ഇട്ടു വട്ടം ചുറ്റിക്കുന്ന ഓട്ടോ ചേട്ടനും. മഴയും അതിന്റെ പിറകെ ബ്ലോക്കും കൂടെ ആയപ്പോൾ "വിഭജിച്ച് കീഴടക്കുക" എന്ന യുദ്ധ തന്ത്രം സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായി. ഒരാൾ ഓട്ടോ കൂലി കൊടുക്കാനും കുറച്ചു പേർ പ്ലാറ്റ്ഫോമിലേക്കു ഓടാനും ബാക്കി ഉള്ളവർ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ടിക്കറ്റ് എടുക്കുന്ന ജോലിയും ആയി തിരിഞ്ഞു. ഞാനും ബാക്കി രണ്ടുപേരും ട്രെയിൻ കണ്ടെത്തി ജനറൽ കോച്ചിലേക്ക് കയറാൻ ഓടി. എന്നാൽ വാരാന്ത്യ ചൂടിൽ കുത്തി നിറഞ്ഞിരിക്കുകയായിരുന്നു ചെന്നൈ സെൻട്രലിലെ ജനറൽ കമ്പാർട്മെന്റ്. കയറിയ അതെ ആക്കത്തിൽ ഞങ്ങളെ പുറത്തേക്ക് തള്ളി ആ തിരക്ക്. ടിക്കറ്റ് എടുക്കാൻ പോയവരുടെ വിവരം ഇല്ലാത്തത്തു വീണ്ടും ഒരു ശ്രമം നടത്തുന്നതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചു. അധികം വൈകിയില്ല പച്ച കൊടി വീശികൊണ്ട് ഞങ്ങളോട് കയറുവാൻ ആവശ്യപ്പെട്ടു ആംഗ്യം കാണിക്കുകയാണ് സ്റ്റേഷൻ മാസ്റ്റർ. "പോരുന്നില്ലേ?" എന്നു കൂകി വിളിക്കുകയാണ് തീവണ്ടി. ഭീകരമാം ശബ്ദത്തിൽ കരഞ്ഞു കൊണ്ട് ചലിച്ചു തുടങ്ങി അത്. "കയറിക്കോ..ഞങ്ങൾ ടിക്കറ്റും ആയി മുൻപിൽ ഉണ്ട് " ഫോൺ വിളി വന്നു. കേട്ട പകുതി കേൾക്കാത്ത പകുതി ഓടുന്ന ട്രെയിനിലേക് ജടത്വം(inertia) ചതിക്കുമൊ എന്ന ഭയം ഉള്ളിൽ ഒളിപ്പിച്ച് ഞാൻ ചാടി കയറി ഒപ്പം മറ്റുള്ളവരും. കയറിയതൊ? ജനറൽ സ്ലീപ്പർ അതിർത്തിയിലേക്കും. യുദ്ധഭൂമിയിലേക്ക് തിരിഞ്ഞു നോക്കാൻ ആഗ്രഹിക്കാത്ത ഞങ്ങൾ സ്ലീപ്പർ കോച്ചിലേക്ക് നടന്നു, മറ്റു രണ്ടുപേരെയും തേടി.
പോകുന്ന വഴിയെ ടിക്കറ്റ് ഇല്ലാത്ത യാത്രക്കു കിട്ടുന്ന പിഴ എത്രയാണെന്ന് ഓർത്തെടുക്കാൻ ഞാൻ ശ്രമിക്കുകയാണ്. ഇരു വശത്തും ഇരിക്കുന്ന മനുഷ്യർ ഞങ്ങളെ നോക്കുന്നുണ്ടോ എന്നു ഒരു കള്ളന്റെ മനോഭാവത്തോടെ ഞാൻ തിരഞ്ഞു. അവസാനം നടന്നു നടന്നു S6 ൽ വെച്ച് അവരെ കണ്ടുമുട്ടി. പിന്നീട് ഒരു ബെർത്തിൽ വലിഞ്ഞു കയറി ഞങ്ങൾ ഞങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. അനധികൃതമായി എന്നാൽ രാജകീയമായി ബെർത്തിലിരുന്നു ബഡായി പൊട്ടിക്കലായി പിന്നീട്. അങ്ങനെ ആകാശത്തിന് താഴെ ഉള്ള എല്ലാ കാര്യങ്ങളും ചർച്ചചെയ്യുന്ന തിരക്കിൽ ഇരിക്കവേ അതു സംഭവിച്ചു. ഇന്ത്യൻ റെയിൽവേയുടെ കാവൽ ഭടൻ വെള്ള ഷർട്ടും കറുത്ത പാന്റും ഇട്ടു തിരക്കുകളെയും ശബ്ദ തരംഗങ്ങളെയും ഭേദിച്ചു ഞങ്ങളുടെ നേരെ എത്തി. ടിക്കറ്റ് നോക്കുന്ന താമസം ഞങ്ങളോട് ഇറങ്ങിക്കൊള്ളുവാൻ കല്പിച്ചു. മുകളിലെ ഇരിപ്പിടം നഷ്ടമായി വിഷണ്ണരായി നിൽക്കുന്ന ഞങ്ങളും അടുത്ത കുറ്റവാളിയെ കണ്ടുപിടിക്കാൻ തിടുക്കം കൂട്ടി അദ്ദേഹവും. അങ്ങനെ ആ കമ്പാർട്മെന്റിലെ അഭയാർത്ഥികളെ എല്ലാവരെയും കോറിഡോറിലേക്ക് പുറംതള്ളി എന്ന അഭിമാനത്തിൽ അദ്ദേഹം പോയി. എന്നാൽ ആ വെളുത്ത ഷർട്ടിന്റെ കറുത്ത നിഴൽ മായവേ ഞങ്ങൾ വീണ്ടും ബെർത്തിൽ ഉപവിഷ്ടരായി. അല്ല അത്രയും അച്ചടക്കത്തോടെ ഒരു ജീവിതകാലം മുഴുവൻ പാളം തെറ്റാതെ ഓടുന്ന തീവണ്ടിക്ക് ഞങ്ങളോട് ദേഷ്യം ഒന്നും ഉണ്ടാവില്ലായിരിക്കും അല്ലെ. നീ ചതിക്കല്ലേ,ഞങ്ങളുടെ പ്രേരണാർത്ഥം അനുസരണക്കേട് ഒന്നും കാണിക്കല്ലേ.
അങ്ങനെ യാത്ര ഏതാണ്ട് മധ്യത്തിൽ എത്തി എന്നു കോട്ടയം റെയിൽവേ സ്റ്റേഷൻ അറിയിപ്പ് നൽകി. എല്ലാവരും യാത്രയിൽ മുഴുകി ഇരിക്കുകയാണ്. ഞാൻ കയ്യിൽ കരുതിയ എം എം ലോറൻസിന്റെ ആത്മകഥയായ "ഓർമ്മചെപ്പ് തുറക്കുമ്പോൾ " എന്ന പുസ്തകം വായിക്കാൻ ആരംഭിച്ചു. അലറി കരഞ്ഞു ട്രെയിൻ എറണാകുളം സ്റ്റേഷൻ എത്തി. കൂടെയുള്ള ഒരു സുഹൃത്തിനു ഇറങ്ങേണ്ട സ്റ്റോപ്പ് ആയിരുന്നു. അവന് യാത്ര പറഞ്ഞു ഒരു ലഘു സംഭാഷണത്തിൽ ഏർപെട്ട് ഇരിക്കുമ്പോൾ ഒരു വലിയ ആക്രോഷം ഞങ്ങൾക്ക് നേരെ "എന്താ നിങ്ങൾ എന്നെ കളിയാക്കുവാണോ, ഒരുവട്ടം പറഞ്ഞതല്ലേ. ഐഡി കാണിക്ക് ഫൈൻ അടച്ചിട്ടു പൊക്കോ ". ടി ടി വീണ്ടും രംഗപ്രവേശനം നടത്തിയിരിക്കുന്നു. ഞങ്ങൾ വണ്ടി എടുക്കുന്നതിനു മുമ്പേ ബാഗുമായി ചാടി ഇറങ്ങി. ഞങ്ങൾ പുറത്തു ഇറങ്ങുന്നത് കണ്ണാലെ കണ്ട് വിശ്വസിച്ചതിനു ശേഷമാണ് അദ്ദേഹം സ്വസ്ഥനായത്. ഞങ്ങൾ ഇറങ്ങി കയറിയത് രണ്ട് കോച്ച് അപ്പുറെയുള്ള സ്ലീപ്പറിൽ. അരമണിക്കൂറും കൂടി അയാളുടെ കണ്ണിൽ പെടാതെ നിൽക്കാം എന്ന ആത്മവിശ്വാസത്തിൽ എറണാകുളത്തു നിന്നും ആലുവ വരെ യാത്ര ചെയ്തു. പാലക്കാട്ടേക്ക് ഉള്ള സുഹൃത്തിനോട് വിടപറഞ്ഞു ഞങ്ങൾ ആലുവയിൽ ഇറങ്ങി. അവൻ ഇനിയും അയാളുമായി ഒരു മുഖാമുഖം കാത്തു അവിടെ ഇരിക്കുന്നു.
ബസ്സിൽ ഉറങ്ങി തീരേണ്ട ഒരു യാത്ര ഓടി, ചാടി, കയറി, ഇറങ്ങി ഞാൻ തീർത്തു. ഇത്രയും മനോഹരമായ ഒരു യാത്രയ്ക് എന്നെ കൂടെ കൂട്ടാം എന്നു പറഞ്ഞ അജ്സലിനോട് കൃതജ്ഞത അർപ്പിക്കുന്നു. ഒപ്പം ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ബാക്കിയുള്ളവർക്കും. ഒഴിഞ്ഞ സീറ്റുകളിൽ പെടഞ്ഞു കയറുന്ന ഞങ്ങളെ നിരുത്സാഹ പെടുത്താത്ത ആ സീറ്റിന്റെ യഥാർത്ഥ ഉടമകളെയും ഞാൻ സ്മരിക്കുന്നു.
തീവണ്ടിയെ....വീണ്ടും കാണാം
Write a comment ...