അങ്ങനെ കലാലയ ജീവിതം ആസ്വദിക്കണം എന്ന ഉറച്ച തീരുമാനവുമായി ശിശിര CET-ൽ എത്തുകയാണ്.
അപ്പനും അമ്മയും ഞാനും വരവേൽപ്പുകൾ ഒന്നും പ്രതീക്ഷിക്കാതെ എത്തിയതാണ്, എന്നാൽ കണ്ടതോ?ശ്വാനമഹാരാജാക്കന്മാർ കുരക്കാതെ ഞങ്ങളെയും നോക്കി ഇങ്ങനെ കിടക്കുന്നു. പ്രഭുക്കളെ തൊഴുത് ഞാൻ 'എന്റെ കോളേജി'ലേക്ക് നടന്നു കയറി. പറഞ്ഞു തീരാത്ത ഒരുപാട് കഥകൾ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥാപനം. നീണ്ട് നീണ്ട് കിടക്കുന്ന വഴികളും, ഐഡി കാർഡ് ധരിച്ച മരങ്ങളും ചെടികളും, രാഷ്ട്രീയ ബോധം ഉണർത്താൻ ഇരു നിറങ്ങളിൽ കൊടികളും അലങ്കാരവും.പക്ഷികൾ പാട്ട് നിർത്തിയിരുന്നു. അതൊ, പുതിയ മുഖങ്ങളെ സൂക്ഷിച്ചു നോക്കാൻ ചുണ്ടുകൾ പൂട്ടിയതും ആകാം. വഴികൾ ഒക്കെ എങ്ങോട്ടേക്കെന്നില്ലാതെ വളയുന്നു മുറിയുന്നു തിരിയുന്നു. അല്ല, ആ വഴികളിലൂടെ എത്രയെത്ര പ്രണയങ്ങളും , കലഹങ്ങളും, വിപ്ലവങ്ങളും നടന്നിട്ടുണ്ടാകാം?
ഹോസ്റ്റലിൽ നിന്നും കോളേജിലേക്ക് നടക്കുന്നത് ഞാൻ മനസ്സിൽ ഒരു കരിങ്കല്ല് വെച്ച അനുഭൂതിയോടെ നോക്കികണ്ടു. ഒത്തിരിയുണ്ടെ, മടിയാണ്! പക്ഷെ, ഈ കഴിഞ്ഞ മാസങ്ങളോളം ക്യാമ്പസിനെക്കാളും ഞാൻ ഒത്തിരി ഇഷ്ട്ടപെട്ടത് ഹോസ്റ്റലിൽ നിന്നും കോളേജിലേക്കുള്ള വിവിധമാം വഴികളെ ആണ്. പല വഴികളും ഞാൻ ഈ ചുരുങ്ങിയ വേളയിൽ പരീക്ഷിച്ചു കഴിഞ്ഞു , പുതിയ പുതിയ വഴികൾ കൂണ് പോലെ മുളക്കുന്നുമുണ്ട്. ഒരുപാട് പുതിയ പൂക്കളെയും ഇലകളെയും പരിചയപ്പെട്ടു. ആകുലയായി തന്റെ കുഞ്ഞുങ്ങൾ എത്തുന്നത് നോക്കി ഇരിക്കുന്ന അമ്മയും, കോളേജിലേക് ഓടുന്ന സുഹൃത്തുക്കളും, സൊറ പറഞ്ഞു കൈകോർത്തു നടക്കുന്ന കമിതാക്കളും പിന്നെ മഹാ ശ്രേഷ്ഠ പട്ടം അലങ്കരിക്കുന്ന പട്ടികളും എന്റെ പാതയിൽ വിഹരിക്കുന്നുണ്ട്. എന്നും ഇതേ വഴി തന്നെ , എന്നാൽ എന്നും പുതിയ പുതിയ കാഴ്ചകൾ, വ്യക്തികൾ, പട്ടികൾ, തമാശകൾ, എന്നെ തനിച്ചു നടത്താതെ കൂടെ കൂടുന്ന എന്റെ പ്രിയ കൂട്ടുകാർ.അങ്ങനെ ഈ വഴികളെല്ലാം നടന്നു എഞ്ചിനീയർ ആവാൻ കാത്തു നിൽക്കുന്ന കൂട്ടുകാരോട് നടക്കാൻ ഉള്ള ദൂരത്തിന്റെ വീമ്പും ഇളക്കി ഞാൻ നടക്കുകയാണ്, എത്തണ്ടെ എവിടെയെങ്കിലും?
Write a comment ...